നിർജ്ജീവം
ചില്ലലമാരയിലെ പുസ്തകങ്ങളൊക്കെയും പിറുപിറുത്തു തുടങ്ങിയിട്ടുണ്ടാകും. വേനൽക്കാലം കഴിഞ്ഞതും പുതിയ മന്ത്രിസഭ വന്നതും വാക്സിനേഷൻ തുടങ്ങിയതും അവരറിഞ്ഞു കാണുവോ ?! ഇല്ല സാധ്യതയില്ല. മഞ്ഞും മഴയും അറിയാതെ അതിനകത്ത് കയറി ഇരിപ്പു തുടങ്ങിയിട്ട് കാലങ്ങളായിരിക്കുന്നു. ആമിയും സേതുമാധവനും മാക്ബത്തുമെല്ലാം രാത്രി ഇരുട്ടിയും മിണ്ടിപ്പറഞ്ഞിരിക്കുന്നത് കേൾക്കാം. പറയുന്നതത്രയും പരാതികളായിരിക്കാം. ഏത് അർദ്ധരാത്രിയിലായിരിക്കും അവരുടെ സ്വാതന്ത്ര്യലബ്ധി എന്നോർക്കുന്നുണ്ടാകും. പാറ്റയും പല്ലിയുമെല്ലാം ചേർന്ന് അവിടമാകെ വൃത്തികേടാക്കിയിരിക്കുന്നു. ഹെഡ്ഫോൺ നിലത്ത് വെക്കാതെ ഞാൻ തിരിഞ്ഞ് നടക്കുമ്പോഴൊക്കെ മുറുമുറുപ്പ് കേൾക്കാഞ്ഞിട്ടല്ല, എല്ലാം മനപൂർവ്വമാണ്. അവരുടെ ഈർഷ്യയ്ക്ക് പിന്നിലെ ന്യായത്തേക്കാൾ പതിന്മടങ്ങ് വലുതായിരുന്നല്ലോ എൻ്റെ ന്യായം. ഒന്നുമില്ലായ്മയുടെ നിർജീവമായ ന്യായം..!!
Leave feedback about this