Atholi, Calicut, Kerala, IN
Life Experience

പരിചിതർ

എഴുതാൻ പോവുന്നത് അപരിചിതരെ കുറിച്ചാണ്!! കാണുമ്പോളൊക്കെ ഒരു ചിരി സമ്മാനിക്കുന്ന, കാരണങ്ങളില്ലാതെ വിശേഷം ചോദിക്കുന്ന എന്ന് കാണാതാവുമെന്ന് ഉറപ്പില്ലാത്ത ചിലർ. വാടകക്ക് താമസിക്കുന്ന ഫ്ലാറ്റിൽ ഗാർഡനറായി ജോലി ചെയ്യുന്ന ഒരു അമ്മൂമ്മയുണ്ട്. എന്നും രാവിലെ കൈയുയർത്തി hi പറയുന്ന, breakfast കഴിച്ചോയെന്ന് ചോദിക്കുന്ന, സൂക്ഷിച്ചു ഡ്രൈവ് ചെയ്യണമെന്ന് പറയുന്ന ഒരു അമ്മൂമ്മ. 5 മാസമായി ഈ പതിവ് തുടർന്നിട്ടും ഇന്നും എനിക്കവരുടെയോ അവർക്കെന്റെയോ പേരറിയില്ല. ചോദിച്ചിട്ടില്ല.. പറഞ്ഞതുമില്ല. അതങ്ങനെ തന്നെ ഇരിക്കട്ടെ. എല്ലാ ബന്ധങ്ങളെയും പേരിട്ടു വിളിക്കാൻ തുടങ്ങിയാൽ പിന്നെന്ത് രസം?! എല്ലാവരുടെ ലൈഫിലും കാണും ഒന്നോർത്തു നോക്കുമ്പോൾ എന്നും കാണുന്ന ഊരും പേരുമറിയാത്ത ഒരു വ്യക്തിയെങ്കിലും. കമ്മിറ്റ്മെന്റ്സ്സില്ലാതെയും സ്നേഹിക്കാമെന്ന് പഠിപ്പിക്കുന്നവർ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെയും സന്തോഷിപ്പിക്കാമെന്ന് തെളിയിച്ചവർ. വഴിയരികിൽ എന്നും കാണുന്ന പൂച്ചക്കുട്ടിയെ ഒരു ദിവസം കാണാതായാൽ തോന്നുന്ന ഒരു വെപ്രാളമില്ലേ അതിന്റെ പേരാണ് സ്നേഹം. രക്തബന്ധങ്ങൾ ഇല്ലാഞ്ഞിട്ടു പോലും പ്രപഞ്ചത്തിലെ സകല മനുഷ്യരെയും പൂവിനെയും നക്ഷത്രങ്ങളെയും ബന്ധിപ്പിച്ചു നിർത്തുന്ന സത്യം. ചാർളി എന്ന തെലുഗു സിനിമയിൽ 2 ഇഡ്ഡലി മതിയെന്ന് പറഞ്ഞിട്ടും എന്നും ഒരെണ്ണം അധികം വെക്കുന്ന ഒരു ചായക്കട നടത്തുന്ന സ്ത്രീയെ കാണിക്കുന്നുണ്ട്. അതേപോലെ, ഹെലൻ എന്ന ചിത്രത്തിൽ നായികാ കഥാപാത്രത്തെ മാറ്റാരേക്കാൾ ഓർത്തിരിക്കുന്ന, അവളുടെ ചിരിയിൽ സന്തോഷം കണ്ടെത്തിയിരുന്ന സെക്യൂരിറ്റി. ഇവരെല്ലാം അപരിചിതത്വത്തിലും പരിചിതമായ എന്തോ ഒന്നിൽ സന്തോഷം കണ്ടെത്തിയവരാണ്. പരിചിതരായ മനുഷ്യർ പെട്ടന്നൊരു ദിവസം പടിയിറങ്ങി പോവുകയും ഇന്നലെ വരെ നമ്മൾ തിരിഞ്ഞു നോക്കാതിരുന്ന മനുഷ്യർ ”എന്ത് പറ്റി മുഖത്തൊരു വാട്ടം ഒന്നും കഴിച്ചില്ലേ” എന്ന് ചോദിക്കുകയും ചെയ്യുന്ന അത്ഭുതത്തെ കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ. ഈ അപരിചിതമായ കണക്ഷൻസ് തന്നെയല്ലേ ഈ ലോകത്തെ ഇങ്ങനെ തളരാതെ പിടിച്ചു നിർത്തുന്നത്, ആരെയും എവിടെയും തനിച്ചാക്കി പോവ്വാത്തത്. സങ്കടം വരുമ്പോൾ കെട്ടിപിടിച്ചു കരയാനും സന്തോഷം വരുമ്പോൾ ഓടിച്ചെന്ന് കവിളൊരു ഉമ്മ കൊടുത്ത് ഒന്നും പറയാതെ ഓടി പോവാനും ഭൂമിയിൽ എല്ലാ മനുഷ്യർക്കും പ്രപഞ്ചം ഒരാളെയെങ്കിലും ബാക്കി വെക്കും. വെറുതെ കണ്ണ് തുറന്ന് ചുറ്റും നോക്കുക. നിങ്ങൾക്ക് വേണ്ടപ്പെട്ടവർ നിങ്ങൾക്ക് അരികിൽ തന്നെയുണ്ട്..എല്ലായിടത്തുമുണ്ട് ❤️

Leave feedback about this

  • Quality
  • Price
  • Service
Choose Image