Atholi, Calicut, Kerala, IN
Poetry

സ്വപ്നം

ഗാഢമായ ഉറക്കത്തിനിടയിൽ എപ്പോളോ ആണ് മനോഹരമായ ഒരു സ്വപ്നത്തിലേക്ക് അറിയാതെ വഴുതിവീഴുന്നത്. പരിക്കുകൾ ഏതുമില്ലാത്ത, അതിസുന്ദരമായ ഒരു വീഴ്ച്ച.. ഏറെ കാലമായി ആഗ്രഹിച്ച ഒന്ന്!! നല്ല പച്ചപ്പുള്ള പുൽതകിടാണ് പശ്ചാത്തലം..തൊട്ടപ്പുറത്തായി  ഒഴുകുന്ന നദി, ശബ്ദങ്ങൾ ഏതുമില്ലാതെ ശാന്തമായി  ഒഴുകുന്ന ഇളംനീലനിറത്തിലുള്ള വെള്ളംഇവക്ക് തൊട്ടരികിൽ ഇളംമഞ്ഞ നിറത്തിലുള്ള ഫ്രോക്ക് ധരിച്ച് രണ്ട് കാലുകളും പിറകിലേക്ക് മടക്കി വെച്ച് നിസംഗമായ ഭാവത്തോടെ ഞാൻ  ഇരിക്കുന്നു. കണ്ണുകളിൽ ഇന്നലെകളും നാളെകളും ഞൊടിയിടയിൽ മാറിമറയുന്നു. കയ്യിൽ ഏതോ ഫിക്ഷണൽ നോവൽ.. അത് പകുതിയോളം വായിച്ച് തീർത്തിരിക്കുന്നു..അലസമായ ഇരുത്തം മണിക്കൂറുകളോളം നീണ്ടു. സമയം ഇഴഞ്ഞിഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു. ഒരിക്കലും നേരം കടന്നുപോവരുതേയെന്ന് ഞാൻ അത്രമേൽ തീവ്രമായി ആഗ്രഹിച്ചിരുന്നു. തിരക്കുകളും ഓട്ടപ്പാച്ചിലുകളും ആകുലതകളും എത്തിപ്പെടാത്ത ശാന്തമായ ഒരു തുരുത്ത്. ഉറക്കത്തിൽ മാത്രം കൂട്ടികൊണ്ടുപോകാൻ വരുന്ന ഏതോ പറക്കും തളികയിൽ കയറിയാണ് ഞാൻ തുരുത്തിൽ എത്തിപ്പെട്ടിരിക്കുന്നതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു. അതെ.. ശെരിയാണ്.. കുഞ്ഞു വാഹനത്തിൽ നിറയെ കുഞ്ഞു മനുഷ്യർ.. അവരുടെ വസ്ത്രത്തിൽ നിറയെ മിന്നാമിന്നി കണക്കെ നക്ഷത്രങ്ങൾ..പണ്ടെങ്ങോ വായിച്ചെടുത്ത ഗളിവേഴ്സ് ട്രാവൽ ഓർമ്മയിൽ വന്നു..ഞാനിപ്പോൾ ജീവിക്കുന്നത് ഏതോ നോവലിൽ ആണെന്ന് തോന്നി. വായിച്ച് തീർത്ത പേജിൽ ഒരു കുഞ്ഞു നീല പൂവ് എടുത്തു വെച്ചു. ഭൂമിയിലെ എറ്റവും സുന്ദരമായ ബുക്മാർക്ക്.. അത് ഒന്നുകൂടെ നോക്കി ഞാൻ ദീർഘമായി ഒന്ന് ശ്വസിച്ചു. ശ്വാസത്തിന്റെ എറ്റവും അറ്റത്ത് പ്രപഞ്ചം മുഴുവൻ മണി ആറടിച്ചു. ഉറക്കം മനസില്ലാമനസോടെ തീർത്ത് ഞാൻ  ഉണർന്നു. പുതപ്പു നീക്കി അലസമായി കിടന്ന ചുരുണ്ട മുടി മാടിക്കെട്ടി വീണ്ടും യഥാർഥ്യത്തിലേക്ക്..!! 

പുതിയ തിരക്കുകളിലേക്ക്ഇന്ന് നേരത്തെ കിടന്നുറങ്ങണമെന്ന് മനസ്സിൽ ഉറപ്പിച്ചു. കൂട്ടികൊണ്ട് പോവാൻ എത്തുന്ന പറക്കും തളികയിലെ കുഞ്ഞുമനുഷ്യർ നിരാശരായി മടങ്ങിപോവരുതല്ലോ♥️ 

 

Leave feedback about this

  • Quality
  • Price
  • Service
Choose Image